Saturday 20 November 2010

ജിൻ‍ജു ഫോർട്ട്-സൗത്ത് കൊറിയ

കൊറിയയുടെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിചേർത്ത ജിൻ‍ജു ഫോർട്ട്. ജപ്പാൻ കൊറിയയുടെ മറ്റെല്ലാഭാഗങ്ങളും ആക്രമിച്ചു കീഴ്പെടുത്തുമ്പോൾ ചെറുത്തുനിൽക്കാൻ കഴിയാതെ കൊറിയൻ ഭടന്മാർ ഒളിപോരാട്ടം നടത്താനായി തിരഞ്ഞെടുത്ത തന്ത്രപ്രധാനമായ കോട്ട. ജപ്പാൻ സൈനികർക്ക് ഏറ്റവും അധികം വെല്ലുവിളി നേരിടേണ്ടിവന്നത് ഇവിടയാണ്‌. സമുദ്രനിരപ്പിൽ നിന്നും വളരെ ഉയർന്ന സ്ഥലത്ത് തീർത്ത ഈ കോട്ടയുടെ ഏതാണ്ട് മൂന്നുവശങ്ങൾ ചുറ്റി ഒഴുകുന്ന നാംഗെ റിവർ താണ്ടിയോ കുത്തായി ഉയർന്ന കോട്ടയിൽ നിന്നുകൊണ്ട് വെടിയുതിർക്കുന്ന കൊറിയൻ ഭടന്മാരെ കീഴ്പെടുത്തിയോ മാത്രമേ ജപ്പാൻ സൈന്യത്തിന്‌ കോട്ട പിടിച്ചടക്കാൻ കഴിയുമായിരുന്നുള്ളൂ. പത്തേമാരികളിൽ പുഴയിലൂടെ എത്തിയ ജപ്പാൻ സൈന്യത്തെ പുഴ തൊട്ടൊഴുകുന്ന കോട്ടയുടെ മൂന്നുവശങ്ങളിലും ചെങ്കുത്താനിൽക്കുന്ന പാറതുളച്ച് പീരങ്കി വച്ചു തുരത്തിയും കരയിലൂടെയെത്തുന്ന സൈന്യത്തെ ഒളിതാവളങ്ങളിലിരുന്ന് ആക്രമിച്ചും ജപ്പാൻ സൈന്യത്തിനെതിരേ കൊറിയൻ സൈന്യം അവസാന ശ്വാസം വരെ ഇഞ്ചോടിഞ്ച് പൊരുതി. അവസാനം പൊരുതി നിൽക്കാൻ കൊറിയൻ സൈന്യത്തിന്റെ പക്കൽ ആയുധങ്ങൾ ഇല്ലാതായപ്പോൾ ജപ്പാൻ സൈന്യം കോട്ട കീഴടക്കി. കൊറിയ മുഴുവൻ പിടിച്ചടക്കുമ്പോൾ കോട്ടയിലേക്ക് നീങ്ങി അഭയം തേടിയ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പടെ, ബലാൽസംഗം ചെയ്ത് കൊല്ലുകയും പതിനായിരക്കണക്കിന്‌ ജനങ്ങളെ ജീവനോടെ കുഴിച്ചുമൂടിയും, കൂട്ടകൊലചെയ്തും ജപ്പാൻ സൈന്യം തങ്ങളുടെ വിജയം ആഘോഷിച്ചു. രണ്ടായിരത്തി ഒൻപതിൽ ജപ്പാൻ പ്രസിഡന്റ്, ജപ്പാൻ സൈന്യം ബലാസംഗം ചെയ്ത ഇന്നും ജീവിച്ചിരിക്കുന്ന, കൊറിയൻ സ്ത്രീകളോട് മാപ്പുപറയും വരെ, എല്ലാ ആഴ്ചകളിലും അന്ന് ബലാൽസംഗത്തിനിരയായ സ്ത്രീകൾ കോട്ടയിൽ ഒത്തുകൂടി ജപ്പാൻ മാപ്പുപറയണമന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ജപ്പാൻ സൈന്യം കൊറിയൻ ജനതയോട് ചെയ്ത ക്രൂരത ഓർക്കുമ്പോൾ, ബ്രിട്ടീഷ് പട്ടാളം ഇന്ത്യൻ ജനതയോട് യാതൊരു വിധ ക്രൂരതയും കാട്ടിയിട്ടില്ല എന്ന് തോന്നും.

2009 സെപ്റ്റംബർ 15-ന്‌ വൈകിട്ട് കൊറിയൻ സമയം 8.30-ന്‌ നംഗേ റിവറിന്റെ കരയിൽ കോട്ടയുടെ എതിർ വശത്തുനിന്നും കാനോൺ EOS 1000D-ൽ എടുത്ത ചിത്രം. കോട്ടയുടെ റിഫ്ളക്ഷൻ നദിയിലെ വെള്ളത്തിൽ വ്യക്തമായി കാണാം.

© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! http://prrasanth.googlepages.com/

No comments: